പത്തനംതിട്ട: അനധികൃത നിർമാണത്തിന് സ്റ്റോപ്പ് മെമോ നൽകിയ പഞ്ചായത്ത് സെക്രട്ടറിയെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. കടപ്ര മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം പരുമല ലോക്കൽ സെക്രട്ടറിയുമായ ഷിബു വർഗീസാണ് പഞ്ചായത്ത് സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയത്.
സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി പോലീസിൽ പരാതി നൽകി. ഷിബു വർഗീസിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന മഴവെള്ള സംഭരണി അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കടപ്ര പഞ്ചായത്ത് സ്റ്റോപ്പ് മെമോ നൽകിയത്. തുടർനടപടികൾക്കായി പഞ്ചായത്ത് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ.
ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തിയ ഷിബു ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചതെന്നും പരാതിയിൽ പറയുന്നു. എന്നാൽ താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നിയമപരമായ നിർമാണമാണ് നടന്നതെന്നുമാണ് ഷിബു വർഗീസിന്റെ വിശദീകരണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.